ബംഗ്ലാദേശിനെതിരെ ചരിത്ര തോൽവി വഴങ്ങിയ പാകിസ്താന് ഐസിസിയുടെ തലയ്‌ക്കടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആറു പേയിന്റ് കുറച്ചു. ഇതുമാത്രമായിരുന്നില്ല പാകിസ്താന് കിട്ടിയ തിരിച്ചടി. ഓരോരുത്തർക്കും മാച്ച് ഫീയുടെ 30 ശതമാനം പിഴയും വിധിച്ചു. കുറ്റങ്ങൾ നായകൻ ഷാൻ മസൂദ് അംഗീകരിച്ചിട്ടുണ്ട്. 10 വിക്കറ്റിനാണ് പാകിസ്താൻ റാവൽപിണ്ടി ടെസ്റ്റിൽ തോറ്റത്. നാട്ടിൽ വലിയ പ്രതിഷേധനാണ് ടീമിനെതിരെ ഉയരുന്നത്. മുൻതാരങ്ങളടക്കം രംഗത്തുവന്നിട്ടുണ്ട്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ ഒമ്പത് ടീമുകളിൽ എട്ടാം സ്ഥാനത്താണ് പാകിസ്താൻ. ഇന്ത്യയാണ് ഒന്നാമത്. അതേസമയം കളത്തിലെ മോശം പെരുമാറ്റത്തിന് ബംഗ്ലാദേശ് മുൻ നായകൻ ഷാക്കിബിനും ഐസിസിയുടെ കൊട്ട് ഉണ്ട്. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ.മത്സരത്തിനിടെ പാകിസ്താൻ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ പന്തെറിഞ്ഞു എന്നതാണ് കുറ്റം. മത്സരത്തിന്റെ സമയം പാഴാക്കാൻ മുഹമ്മദ് റിസ്വാൻ ശ്രമിച്ചതിൽ പ്രകോപിതനായാണ് താരം ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞത്. റിസ്വാന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് പോവുകയായിരുന്നു.















