ന്യൂഡൽഹി: ബംഗ്ലാദേശ്, യുക്രെയ്ൻ പ്രതിസന്ധികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്ൻ സന്ദർശനം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ എന്നിവയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫോണിലൂടെയാണ് നേതാക്കൾ ചർച്ച നടത്തിയത്.
ബംഗ്ലാദേശിലും യുക്രെയ്‌നിലും ക്രമസമാധാന നില സാധാരണ നിലയിലെത്തിക്കുന്നതിനുളള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ഇരുവരും വിലയിരുത്തി. തന്റെ യുക്രെയ്ൻ സന്ദർശനത്തെകുറിച്ചും സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയെകുറിച്ചും പ്രധാനമന്ത്രി ബൈഡനോട് വിശദീകരിച്ചു. യുക്രെയ്‌നിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ട ശേഷം ന്യൂനപക്ഷങ്ങൾക്കും ഹിന്ദു സമൂഹത്തിനും നേരെ നടക്കുന്ന വ്യാപക അക്രമങ്ങളും പ്രധാനമന്ത്രി ബൈഡനെ ധരിപ്പിച്ചു. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും നേതാക്കൾ പങ്കുവച്ചു.
യുക്രെയ്നിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് യുക്രെയ്ൻ സന്ദർശനത്തെ കുറിച്ചും വ്ളാഡിമർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചത്.
യുക്രെയിനിൽ ക്രമസമാധാനവും സുരക്ഷയും തിരികെ കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് യുക്രെയിൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.















