ദുബായ്: മെട്രോയുടെ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി. ‘ട്രാക്കിലെ 15 വർഷം’ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വാർഷികത്തിന്റെ ഭാഗമായി വിവിധ പ്രമോഷനുകൾ, സർപ്രൈസുകൾ, വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്.
ലോക രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും തദ്ദേശവാസികളെയും ആകർഷിക്കുന്ന വിവിധ പരിപാടികളാണ് ദുബായ് മെട്രോയുടെ വാർഷികത്തിന്റെ ഭാഗമായി നടക്കുക. 2009 സെപ്റ്റംബർ 9-ന് ആണ് മെട്രോ ഓടിത്തുടങ്ങിയത്. കലാപരിപാടികളും സർപ്രൈസ് സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പിറന്നാളിനോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് ഇറക്കും. ദുബായ് മെട്രോയുമായി ബന്ധപ്പെട്ട സുവനീർ ഉത്പന്നങ്ങളുമായി അൽ ജാബർ ഗാലറി പ്രത്യേക പവിലിയൻ തുറക്കും. കൂടാതെ ക്യാമ്പയിൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡ് പുറത്തിറക്കുമെന്നും ആർ.ടി.എ അറിയിച്ചു.
21 മുതൽ 27 വരെ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര സംഗീത പ്രതിഭകളും പ്രാദേശിക സംഗീതജ്ഞരും പങ്കെടുക്കും. ‘മെട്രോ ബേബീസ്’ എന്ന പേരിൽ കുട്ടികൾക്കായി സെപ്റ്റംബർ 21-ന് ലിഗോ ലാൻഡ് പ്രത്യേക ആഘോഷ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി 2009– 2023 വരെയുള്ള വർഷങ്ങളിൽ സെപ്റ്റംബർ 9-ന് ജനിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.







