റാന്നി: കാരറ്റിന്റെ വിലയെച്ചൊല്ലിയുളള തർക്കത്തിനൊടുവിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ട റാന്നിയിൽ ഇന്നലെയാണ് സംഭവം. റാന്നി സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇടത്തൻ എന്ന് വിളിക്കുന്ന പ്രദീപിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി.
കടയിലെത്തിയവർ കാരറ്റിന്റെ വിലയെച്ചൊല്ലി തർക്കിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനിടെ പ്രദീപ് ഒരു കാരറ്റ് എടുത്തു തിന്നു. ഇത് കണ്ട ജീവനക്കാരി മഹാലക്ഷ്മി കാരറ്റിന് വലിയ വിലയാണെന്നും എടുത്ത് കഴിക്കരുതെന്നും പറഞ്ഞു. ഇത് ഇഷ്ടപ്പെടാതെ പ്രദീപ് വീണ്ടും ഇവരുമായി തർക്കിച്ചു. തുടർന്ന് സ്ഥലത്ത് നിന്നും പോയ പ്രദീപ് കുറച്ച് നേരത്തിന് ശേഷം സുഹൃത്തുമൊത്ത് വടിവാളുമായി തിരിച്ചെത്തുകയായിരുന്നു.
മഹാലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മഹാലക്ഷ്മിയെ വെട്ടാൻ ശ്രമിച്ചതോടെ കടയിലുണ്ടായിരുന്ന അനിൽകുമാർ അത് തടഞ്ഞു. ഇതോടെയാണ് അനിലിനെ വലിച്ചിറക്കി റോഡിലിട്ട് വെട്ടിയത്. പ്രാണരക്ഷാർത്ഥം അനിൽ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് തലയ്‌ക്കുൾപ്പെടെ വെട്ടുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
പിടിയിലായ പ്രദീപ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അനിലിനെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇവർ വന്ന സ്‌കൂട്ടർ ഉൾപ്പെടെ നാട്ടുകാർ തടഞ്ഞു. ഇതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ വൈകാതെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മഹാലക്ഷ്മിയുടെ ഭർത്താവിനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അനിൽ കുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.















