തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വിമർശനം ഉയരുന്നത്. സംഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. പ്രതികരിക്കാൻ താൽപര്യമില്ലെന്നും പറയാനുളളതെല്ലാം പറഞ്ഞുവെന്നും ആദ്യ പ്രതികരണത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ സ്വകാര്യത പോലും മാനിക്കാതെ പ്രതികരണത്തിനായി ശ്രമിക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുളള ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ആദ്യം കൃത്യമായ മറുപടി മാദ്ധ്യമങ്ങൾക്ക് സുരേഷ് ഗോപി നൽകിയിരുന്നു. ഇത്രയുമേ തനിക്ക് പ്രതികരിക്കാനുളളൂവെന്നും അപ്പോൾതന്നെ വ്യക്തമാക്കി. എന്നാൽ പിന്നീട് രാമനിലയത്തിന് മുൻപിലും ഇതേ വിഷയത്തിൽ മാദ്ധ്യമങ്ങൾ വഴി തടയുകയായിരുന്നു. പുലികളി സംഘങ്ങളുമായുളള യോഗത്തിനായിട്ടാണ് സുരേഷ് ഗോപി രാമനിലയത്തിലെത്തിയത്.
യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചാനൽ ക്യാമറകളും മൈക്കുമായി മാദ്ധ്യമങ്ങൾ വളയുകയായിരുന്നു. വാഹനത്തിൽ കയറാൻ വന്ന അദ്ദേഹത്തിന് ഡോർ തുറക്കാനാകാത്ത വിധത്തിൽ നിന്ന മാദ്ധ്യമപ്രവർത്തകരെയാണ് അദ്ദേഹം എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ് എന്ന് പറഞ്ഞ് തളളിമാറ്റാൻ ശ്രമിച്ചത്. ഒരു നിലപാടും താങ്കൾക്ക് പറയാനില്ലേ എന്ന് ചോദിച്ച് വീണ്ടും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഷയത്തിൽ സുരേഷ് ഗോപി വീണ്ടും പ്രതികരിക്കാൻ സാദ്ധ്യതയില്ലെന്നും പറയാനുളളത് രാവിലെ പറഞ്ഞതാണെന്നും അദ്ദേഹത്തിന് ഒപ്പമുളളവർ മാദ്ധ്യമപ്രവർത്തകരോട് സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമപ്രവർത്തകർ വീണ്ടും സ്ഥലത്ത് തുടുരുകയായിരുന്നു.
രാവിലെ ഒല്ലൂർ ഏവുപ്രാസ്യാമ്മയുടെ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചക്കുന്നതിനിടെ മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് ഈ വിഷയത്തിൽ പ്രതികരണം തേടിയിരുന്നു. ഇത് ഒരു വിശുദ്ധ സ്ഥലമാണെന്ന ഓർമ്മപ്പെടുത്തലോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. നടനും എംഎൽഎയുമായ മുകേഷിനെതിരായ ആരോപണത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയുമായി ചേർത്തുവച്ച് വാർത്താചാനലുകൾ വിവാദമാക്കുകയും ചെയ്തു. മുകേഷിനെതിരായ ആരോപണം കോടതിയുടെ പരിഗണനയിലാണെന്ന സുരേഷ് ഗോപിയുടെ വാക്കുകൾ മുകേഷിനുളള പിന്തുണയായും മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വഴി തടഞ്ഞ് പ്രതികരണം തേടിയത്.