എറണാകുളം: അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവെച്ച തീരുമാനം സ്വാഗതാർഹമാണെന്ന് നടി ഉഷ. അംഗങ്ങൾ രാജിവച്ചത് നല്ല കാര്യമാണെന്നും പുതിയ അംഗങ്ങൾ വരട്ടെയുമെന്നും ഉഷ പറഞ്ഞു. അമ്മ സംഘടനയിലെ കൂട്ടരാജിക്ക് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു നടി.
“എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ പോലും ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അംഗങ്ങൾ രാജിവെച്ചത് നല്ല തീരുമാനമാണ്. അമ്മയിലെ ചില അംഗങ്ങളും ഭാരവാഹികളുമാണ് പ്രശ്നക്കാർ. അവരാണ് തെറ്റ് ചെയ്യുന്നത്. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നല്ല പ്രവർത്തനങ്ങൾക്കായി പുതിയ കമ്മിറ്റി രൂപീകരിക്കണം.
പ്രത്യേകിച്ച് സ്ത്രീകൾ സംഘടനയുടെ നേതൃനിരയിലേക്ക് വരണം. സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിൽ ധൈര്യപൂർവ്വം ഇടപെടാനും ഒരാൾ വന്ന് പരാതി പറയുമ്പോൾ അത് ഉൾക്കൊണ്ട് നടപടി സ്വീകരിക്കാനും കെൽപ്പുണ്ടാകണം. ആരെ കുറിച്ചാണ് പരാതി ഉയരുന്നത് അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് ധൈര്യം ഉണ്ടായിരിക്കണം. ചോദിക്കാൻ ആർജ്ജവമുള്ള സ്ത്രീ പ്രതിനിധിയായിരിക്കണം ഇനി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വരേണ്ടത്.
സംഘടന നിലനിൽക്കണം എന്ന് വിചാരിച്ച് മാത്രമാണ് ലാലേട്ടൻ ഇത്രയും നാൾ രാജിവെക്കാതിരുന്നത്. രാജിവെക്കണം എന്ന് മുമ്പ് തന്നെ വിചാരിച്ചിരുന്ന ആളാണ് അദ്ദേഹം. വാദിഭാഗത്തും പ്രതിഭാഗത്തുള്ളതും അമ്മയിലെ അംഗങ്ങൾ തന്നെയാണ്.
മുഖം നോക്കാതെ പ്രതികരിക്കുന്ന സ്ത്രീ പ്രതിനിധികൾ രംഗത്ത് വരണം. മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ള വ്യക്തികളാണ് മുന്നിലേക്ക് വരേണ്ടത്”.
പുതിയ തലമുറയിലെ ആളുകൾ വരണം എന്ന് ലാലേട്ടൻ പലപ്പോഴും പറയാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ഒരു ഭയം വന്നിട്ടുണ്ട്. തങ്ങൾ വർഷങ്ങളോളമായി ആഗ്രഹിക്കുന്ന മാറ്റങ്ങൾ ഇനി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഉഷ പറഞ്ഞു.















