കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നടത്തിയ സുരക്ഷാപരിശോധനയിൽ 4650 പേർ പിടിയിൽ. രാജ്യത്ത് അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള സുരക്ഷാ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 30നാണ് രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. മലയാളികൾ ഏറെ താമസിക്കുന്ന ജിലീബ്, മഹബൂല മേഖലകളിൽ നിന്നാണ് ഭൂരിഭാഗം പേരും പിടിയിലായത്. വിരലടയാളം രേഖപ്പെടുത്തി എല്ലാവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി ജനറൽ ഡയറക്ടറേറ്റ് ഫോർ റസിഡൻസി അഫയേഴ്‌സ് മേധാവി ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ-അയൂബ് അറിയിച്ചു.
65,000ലധികം പേരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള സുരക്ഷാ പരിശോധന ഇപ്പോഴും തുടരുകയാണ്. നിയമലംഘകരുടെ സ്‌പോൺസർമാർ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.







