കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡാ. സന്ദീപ് ഘോഷിന്റെ അടുത്ത അനുയായിയും പൊലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് ദത്തയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാനൊരുങ്ങി സിബിഐ. അനൂപ് ദത്തയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ കൊൽക്കത്ത കോടതിയെ സമീപിച്ചിട്ടുണ്ട്. അനൂപിന്റെ കൂടി സമ്മതം ലഭിച്ചതിന് ശേഷം പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജയ് റോയിയെ അനൂപ് ദത്ത സഹായിച്ചുവെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം. കേസിലെ പ്രതിയായ സഞ്ജയ് റോയിക്ക് പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് പോകാൻ അനൂപ് ദത്ത സഹായിച്ചുവെന്നാണ് ആരോപണം ഉയർന്നത്. സഞ്ജയും അനൂപും തമ്മിലുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ ആശുപത്രിയുടെ സെമിനാർ ഹാളിലേക്ക് കടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് കടക്കുന്നതിന് നിയന്ത്രണമുണ്ടെന്നിരിക്കെയാണ് സഞ്ജയ് ഇവിടേക്ക് എത്തിയത്.
ഈ കേസിന് പുറമെ ഡോ.സന്ദീപ് ഘോഷ് ആർജി കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരിക്കെ നടത്തിയ സാമ്പത്തിക അഴിമതിയെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സന്ദീപ് ഘോഷ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് അനൂപ് ദത്തയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇരുവരും ഒരുമിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതക വിവരം പുറത്ത് വന്ന് ആദ്യ മണിക്കൂറുകളിൽ മാദ്ധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് ദത്ത ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം ഡോ.സന്ദീപ് ഘോഷിന്റെ നുണപരിശോധന ഉദ്യോഗസ്ഥർ പൂർത്തിയാക്കി. മൊഴികളിലെ അപാകതകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.















