മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാജിവച്ചത് നല്ല തീരുമാനമാണെന്നും അമ്മ പിരിച്ചുവിട്ടാൽ ആർക്കാണ് കുഴപ്പമെന്നും നടൻ ധർമജൻ ബോൾഗാട്ടി. അമ്മ പിരിച്ചുവിട്ടാലും ആർക്കുമൊരു കുഴപ്പവുമില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. രാജിവച്ച മോഹൻലാൽ അടക്കമുള്ള എല്ലാവരും സിനിമയിൽ അഭിനയിക്കുമെന്നും ധർമജൻ പറഞ്ഞു.
“അമ്മ എന്നൊരു സംഘടന ഒരുപാട് നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പുറത്തുള്ള ആൾക്കാർക്കും താരങ്ങൾക്കുമൊക്കെ ആശ്വാസകരമാണ് അമ്മ. സംഘടന പിരിച്ചുവിട്ടാൽ, കോടികൾ വാങ്ങുന്ന നടന്മാരെയൊന്നും ഒരു തരത്തിലും ബാധിക്കില്ല. അമ്മ സംഘടന നിലനിന്ന് പോയാൽ അതുകൊണ്ടുള്ള പ്രയോജനം അതിനകത്ത് നിൽക്കുന്നവർക്കും പുറത്തുള്ളവർക്കുമാണ്. സംഘടന വഴി ഒരുപാട് പേർക്ക് സഹായം ലഭിക്കുന്നുണ്ട്”.
“കുറ്റം ചെയ്യാൻ എല്ലാവർക്കും സാധിക്കും. എന്നാൽ നല്ലത് ചെയ്യാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. സംഘടനയുടെ തലപ്പത്തിരിക്കാൻ അർഹതയുള്ള ഒരുപാട് പേർ സംഘടനയ്‌ക്കകത്തുണ്ട്. പൃഥ്വിരാജും ചാക്കോച്ചനുമൊക്കെ മുൻനിരയിലേക്ക് വരണം. നല്ല ഇമേജുള്ള ആൾക്കാർ അധികാര സ്ഥാനങ്ങളിലേക്ക് വരേണ്ടതുണ്ട്”.
“ഒരു പരിപാടി വന്നാൽ അതിൽ ഞാനോ പിഷാരടിയോ അല്ല വേണ്ടത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെയാണ്. രാജിവച്ച ആൾക്കാരിലും നല്ല ആളുകളുണ്ട്. അവർ അവരുടെ മാന്യത കാണിച്ചു. സമിതിയിലുള്ളവരിൽ ചിലരെ വിളിച്ചാൽ കിട്ടാറുണ്ട്. അവരുമായി സംസാരിക്കാറുമുണ്ട്. എന്നാൽ ലാലേട്ടനെ വിളിച്ചാൽ കിട്ടാറില്ല. വിളിച്ചാൽ കിട്ടുന്നവരായിരിക്കണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്നും വലിയ നേതൃത്വം മാറി നിൽക്കണമെന്നും” ധർമജൻ പറഞ്ഞു.















