സമൂഹമാദ്ധ്യമങ്ങളിൽ സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. കോമഡി ഷോകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ വിവാഹ ഒരുക്കങ്ങളിലാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ സുഹൃത്തായിരുന്ന രാഹുലിനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാൻ പോകുന്നത്. സംഗീത് നൈറ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനിടെ ദാമ്പത്യജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും സ്വപ്നങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.
സംഗീത് നൈറ്റിന്റെ ഒരുക്കങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയിലാണ് ഭാവിയെക്കുറിച്ച് മനസ് തുറക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രം പോലുള്ള ജീവിതമാണ് തങ്ങൾ പ്ലാൻ ചെയ്യുന്നതെന്നും എന്നാൽ മേജർ രവിയുടെ സിനിമയെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയാകും നടക്കാൻ പോകുന്നതെന്നും ഇരുവരും പറഞ്ഞു. ജനിക്കാൻ പോകുന്ന കുഞ്ഞിനിടാനുള്ള പേരുകളും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. അധികമാർക്കും ഇല്ലാത്ത പേരിടാനാണ് തനിക്ക് താത്പര്യമെന്നും ശ്രീവിദ്യ പറഞ്ഞു.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഒരുപാട് നേരത്തെ തന്നെ തുടങ്ങിയതായി ഇരുവരും പറഞ്ഞിരുന്നു. ശബരിനാഥാണ് സ്റ്റൈലിസ്റ്റായി വരുന്നതെന്നും അദ്ദേഹം കൂടെയുള്ളത് കൊണ്ട് ഒരു ടെൻഷനും ഇല്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്. തന്റെ പ്രതിശ്രുത വരൻ സിനിമാ മേഖലയിൽ തന്നെയുള്ള ആളായതിനാൽ വിവാഹ ശേഷവും അഭിനയ മേഖലയിൽ താൻ സജീവമായി ഉണ്ടാകുമെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നുണ്ട്.















