ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സുരക്ഷ ഒരുക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് കയ്യേറ്റശ്രമം ഉണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
മാദ്ധ്യമപ്രവർത്തകരുടെ അതിക്രമത്തിനെതിരെ സുരേഷ് ഗോപി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകർ മാർഗ തടസമുണ്ടാക്കി വഴി തടയുകയായിരുന്നുവെന്നാണ് പരാതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. രാമനിലയം ഗസ്റ്റ് ഹൗസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുത്തേക്കും.
എംഎൽഎ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ആവർത്തിച്ചുള്ള ചോദ്യങ്ങളുമായെത്തിയാണ് മാദ്ധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയ്‌ക്ക് മാർഗതടസം സൃഷ്ടിച്ചത്. മറുപടി പറഞ്ഞിട്ട് പോയാൽ മതി എന്ന ദാർഷ്ട്യത്തോടെയായിരുന്നു ഇവരുടെ പെരുമാറ്റം.