ദിസ്പൂർ: അസം സംസ്ഥാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയെ ഉപയോഗിച്ച് ബംഗാളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. ബംഗാളിനെ കത്തിക്കാനാണ് ശ്രമമെങ്കിൽ ബിജെപി ഭരിക്കുന്ന അസം, നോർത്ത് ഈസ്റ്റ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ നശിപ്പിക്കുമെന്നും, അവിടങ്ങളിലെ അധികാരം ഇല്ലാതാക്കുമെന്നും മമത ഭീഷണി മുഴക്കിയിരുന്നു.
പിന്നാലെയാണ് മമതയുടെ പരാമർശത്തിനെതിരെ ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്. എന്ത് ധൈര്യമുണ്ടായിട്ടാണ് ഈ രീതിയിൽ ഭീഷണി മുഴക്കി സംസാരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” ബംഗാൾ കത്തിച്ചാൽ അസമും കത്തിക്കുമെന്ന് അവർ ഭീഷണി മുഴക്കുന്നു. അസമിനെ ഭീഷണിപ്പെടുത്താനാണോ നിങ്ങളുടെ ശ്രമം. നിങ്ങളുടെ പരാജയപ്പെട്ട രാഷ്‌ട്രീയരീതി വച്ച് ഈ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. ഇപ്പോൾ സംസാരിക്കുന്ന രീതി നിങ്ങൾക്ക് യോജിച്ചതല്ല. ഭിന്നിപ്പിന്റെ ഭാഷയിലാണ് മമത സംസാരിക്കുന്നതെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബംഗാളിൽ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ പുരോഗമിക്കുകയാണ്. ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫോറത്തിൽ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ പ്രതിഷേധ റാലി നടന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച്, 2019ൽ മമത ബാനർജി ബംഗ രത്‌ന പുരസ്‌കാരം നൽകി ആദരിച്ച അലിപുർദുവാറിൽ നിന്നുള്ള അധ്യാപിക പരിമൾ ഡേ തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.