അമേഠി: ജാതി പറഞ്ഞ് രാഷ്‌ട്രീയം കളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. താൻ വിജയത്തിന്റെ രുചിയറിഞ്ഞുവെന്ന് ചിന്തിക്കുന്ന രാഹുൽ, പിടിച്ചുനിൽക്കുന്നതിനായി രാഷ്‌ട്രീയ കരുനീക്കങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറയുന്നു.
” അദ്ദേഹം ഇപ്പോൾ സ്ഥിരമായി ജാതി പറഞ്ഞ് സംസാരിക്കുന്നു. ആളുകളിലേക്ക് ഇത് ഏത് രീതിയിലുള്ള സന്ദേശമായാണ് എത്തുന്നതെന്ന് രാഹുലിന് നന്നായി അറിയാം. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ ഇപ്പോൾ പതിവായി നടത്തുന്നത്. അതിനായി കൃത്യമായ കരുനീക്കമാണ് നടത്തുന്നത്. നല്ലതോ ചീത്തയോ എന്തുതന്നെയായാലും വ്യത്യസ്തമായ രാഷ്‌ട്രീയമാണ് ഇപ്പോൾ രാഹുലിനുള്ളത്.
തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. എന്നാൽ വോട്ടർമാരിൽ പലരും ഇതിൽ സംശയം പ്രകടിപ്പിച്ചു. ഈ തന്ത്രം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ പുതിയ ഇടത്തിലേക്ക് രാഹുൽ മാറിയത്. ക്ഷേത്ര സന്ദർശനങ്ങളിൽ നിന്ന് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു. ആ തന്ത്രം ഫലിക്കാതെ വന്നതോടെ എല്ലാ വിഷയങ്ങളിലേക്കും ജാതി വലിച്ചിടുന്നത് രാഹുലിന്റെ പതിവായി.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിന് വളരെ പ്രസക്തി ഉണ്ടെന്ന് കാണിക്കാനുള്ള നീക്കമാണ് കോൺഗ്രസും നടത്തുന്നത്. മിസ് ഇന്ത്യയിൽ ദളിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇല്ലെന്നതുൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ഇതിന്റെ ഭാഗമായിട്ടാണ് നടത്തുന്നത്. ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ പൊതുസമൂഹത്തിന് മുന്നിൽ വച്ച് തരംതാണ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുലിന്റെ ശ്രമം. കേന്ദ്ര സർക്കാരും മിസ് ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വളരെ വ്യക്തമായി തന്നെ അറിയാം. അതുകൊണ്ട് തന്നെ ഇതെല്ലാം കൃത്യമായ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമാണെന്ന് ഏതൊരാൾക്കും മനസിലാകുമെന്നും” സ്മൃതി ഇറാനി പറയുന്നു.
1















