നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നാണ് നടിയുടെ പ്രതികരണം. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് അമ്മ ഭാരവാഹികൾ ഒളിച്ചോടുന്നുവെന്നും പാർവതി പറയുന്നു.
ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് അമ്മയുടെ ഭരണസമിതിയെ പാർവതി പരിഹസിച്ചത്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ഉൾപ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്. വിമർശകർ ഉൾപ്പെടെ അമ്മ ഭരണസമിതിയുടെ തീരുമാനത്തെ അംഗീകരിച്ചിരുന്നു. ഇതിനിടെയാണ് ഡബ്ല്യുസിസിയിലെ പ്രമുഖ അംഗം കൂടിയായ പാർവതി അമ്മയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.
അതേസമയം, ഡബ്ലിയുസിസി അംഗമായ നടി രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതി തിരുവോത്ത് അടക്കമുള്ളവർ മൗനം തുടരുന്നതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നുണ്ട്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സംവിധായകൻ രഞ്ജിത്ത് തന്നെ നഗ്നനാക്കി ഫോട്ടോകൾ പകർത്തിയെന്നും ആ ഫോട്ടോകൾ നടി രേവതിക്ക് അയച്ചു നൽകിയെന്നുമാണ് ഒരു യുവാവ് ആരോപിച്ചിരിക്കുന്നത്. ഡബ്ല്യുസിസിയുടെ പ്രമുഖ അംഗം കൂടിയായ രേവതിക്കെതിരെ ഇത്രയും വലിയ ആരോപണം ഉയർന്നിട്ടും ഡബ്ല്യുസിസി ഭാരവാഹികൾ മൗനം പാലിക്കുന്നതിനെ ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.