പട്ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര കൊറിയൻ ഏകാധിപതിയായ കിങ് ജോങ് ഉന്നിനെയാണ് മമത ബാനർജി മാതൃകയാക്കാൻ ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ബംഗാളിനെ തകർക്കാൻ ശ്രമിച്ചാൻ ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന മമതയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങളിൽ രോഷംകൊള്ളുന്ന മമത ബാനർജി ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന് സമാനമായാണ് പ്രവർത്തിക്കുന്നത്. തന്റെ പ്രതിപക്ഷത്ത് വരുന്നവരെയും തനിക്ക് നേരെ വിരൽ ചൂണ്ടുന്നവരെയും കിങ് ജോങ് ഉന്നിന് നശിപ്പിച്ചുള്ള ശീലമാണുള്ളത്. സമാനമായ രീതിയാണ് മമതയും സ്വീകരിക്കുന്നത്.”- ഗിരിരാജ് സിംഗ് പറഞ്ഞു
പ്രതിഷേധങ്ങൾ കൊണ്ട് ബംഗാളിനെ കത്തിക്കാൻ ശ്രമിച്ചാൽ ബിഹാർ, അസം, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളും കത്തിക്കുമെന്നായിരുന്നു മമതയുടെ വിവാദ പരാമർശം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പദവിയിരിക്കുന്ന മമത പരാമർശം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. വിവാദ പരാമർശം നടത്തിയ മമത, മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോഗ്യയല്ലെന്നും രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.















