അലാറം മുഴങ്ങുമ്പേൾ പലപ്പോഴും ഓഫാക്കി വച്ച് കൂടുതൽ നേരം ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്നാൽ കൃത്യ സമയത്ത് ജോലിക്കോ, സ്‌കൂളിലോ പോകേണ്ടി വരുന്നതിനാൽ പലപ്പോഴും എഴുന്നേൽക്കാൻ നിർബന്ധിതമാകും. ഇതിന്റെ എല്ലാം ക്ഷീണം തീർക്കുന്നത് ഏതെങ്കിലും ഒരു ദിവസം ഒഴിവ് കിട്ടുമ്പോഴാണ്. എന്നാൽ ഒഴിവ് ദിവസങ്ങളിൽ വൈകി എഴുന്നേൽക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിയാം..
ഒഴിവ് ദിവസങ്ങളിൽ വൈകി എഴുന്നേൽക്കുന്നത് ക്ഷീണം അകറ്റാൻ ഉത്തമമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. ദിവസവും 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിത ജോലിഭാരം കാരണം പലപ്പോഴും കൃത്യമായി ഉറങ്ങാൻ നമുക്ക് സാധിക്കാറില്ല. ഒരാഴ്ചയിലെ എല്ലാ ക്ഷീണവും അകറ്റാൻ പലരും ഒഴിവ് ദിവസങ്ങളിൽ ഉറങ്ങി തീർക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം അകറ്റുന്നതിനും സഹായിക്കുന്നു. സ്ലീപ്പ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിഷാദ രോഗങ്ങൾ പോലുള്ളവ തടഞ്ഞു നിർത്തി മാനസികോന്മേഷം നൽകുന്നതിന് ഏറെ സഹായകമാണ് ഒഴിവ് ദിവസങ്ങളിലെ അധിക ഉറക്കം. ഹൃദ്രോഗം തടയുകയും പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ തടഞ്ഞു നിർത്തുന്നതിനും ഒഴിവ് സമയങ്ങളിലെ നീണ്ട ഉറക്കം സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.















