ബെംഗളൂരുവിൽ ഡാൻസ് ട്രെയിനർ കാെല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പിടിയിലായി. നവ്യശ്രീ എന്ന 28-കാരിയെയാണ് അവരുടെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വനിത സുഹൃത്തും ഇവർക്കാെപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. നവ്യശ്രീയെ ഭർത്താവ് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയെന്നാണ് സുഹൃത്ത് ഐശ്വര്യയുടെ പരാതി. പൊലീസ് പറയുന്നത്: നവ്യശ്രീയുടെ വിവാഹം കിരൺ എന്ന യുവാവുമായി മൂന്ന് വർഷം മുൻപ് നടന്നതാണ്. എസ്എംവി ലേഔട്ടിലെ കെങ്കെരി ഉപനഗരയിലാണ് ഇവർ താമസിച്ചിരുന്നത്. 27ന് രാവിലെ നവ്യശ്രീയുടെ ഒരു സന്ദേശം സുഹൃത്ത് ഐശ്വര്യക്ക് ലഭിച്ചു.
വൈകിട്ട് 4.30ന് ഐശ്വര്യ നവ്യശ്രീയുടെ വീട്ടിലെത്തിയപ്പോൾ ഗാർഹിക പീഡനത്തെക്കുറിച്ച് അവർ വെളിപ്പെടുത്തി. മറ്റൊരു സുഹൃത്ത് അനിലിനെയും നവ്യശ്രീ വിളിച്ചുവരുത്തിയിരുന്നു. ഇദ്ദേഹം യുവതിയോട് പ്രശ്ന പരിഹാരത്തിന് പൊലീസിനെ സമീപിക്കാൻ പറഞ്ഞു.ഇതിന് ശേഷം അനിൽ മടങ്ങി. പിന്നീട് ഐശ്വര്യയും നവ്യശ്രീയും ഫ്ളാറ്റിലേക്ക് മടങ്ങി. രാത്രി 11.30 ഓടെ ഉറങ്ങാൻ കിടന്നു. ഇതിന് മുൻപ് ഐശ്വര്യ മദ്യപിച്ചിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ നവ്യശ്രീയെ മരിച്ച നിലയിൽ മുറിയിൽ കാണുകയായിരുന്നു. തുടർന്ന് ബഹളംവച്ച് അയൽക്കാരെ അറിയിച്ചു. പിന്നീട് പൊലീസിനെയും.
നവ്യശ്രീയുടെ ഭർത്താവ് കിരണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിരണിന് ഭാര്യയെ സംശയമായിരുന്നു. ഫ്ളാറ്റിന്റെ മറ്റൊരു താക്കോൽ കിരണിന്റെ കൈയിലുണ്ടായിരുന്നു. ഇതുപയോഗിച്ച് അകത്ത് കടന്ന യുവാവ് ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ആക്രമിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.