വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരിതബാധിതർക്ക് 1,000 സ്ക്വയർഫീറ്റിൽ വീട് നിർമിച്ച് നൽകും. നിലവിൽ ഒറ്റനില വീടായിരിക്കും നിർമിച്ചു നൽകുക. ഭാവിയിൽ രണ്ടാമത്തെ നില കൂടി കെട്ടാൻ സൗകര്യമുള്ള രീതിയിൽ അടിത്തറ നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.
വീട് നഷ്ടപ്പെട്ടവർക്കായിരിക്കും ആദ്യ പരിഗണന. മാറി താമസിക്കേണ്ടവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകൾ നിർമിക്കുമെന്നും വിലങ്ങാട്ടെ ദുരിതബാധിതരുടെ പുനരധിവാസവും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് നേരത്തെ മാതൃക ടൗൺഷിപ്പും സർക്കാർ മുന്നോട്ടുവച്ചിരുന്നു.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന വിധത്തിലുള്ള അടിത്തറകളും രൂപരേഖകളും അടിസ്ഥാനമാക്കിയായിരിക്കും വീടുകൾ നിർമിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. വായ്പകൾ എടുത്തവരുടെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഉടനടി നടപടികൾ സ്വീകരിക്കും. ദുരന്തബാധിത മേഖലയിൽ സെപ്തംബർ 2ന് സ്കൂൾ പ്രവേശനോത്സവം നടത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.