ഇസ്ലാമാബാദ്: ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ അംഗരാജ്യങ്ങളുടെ ഭരണതലവൻമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്താൻ. ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിലേക്കാണ് പാകിസ്താന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
നിലവിൽ ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെൻ്റിന്റെ (സിഎച്ച്ജി) അദ്ധ്യക്ഷപദവി വഹിക്കുന്നത് പാകിസ്താനാണ്. ഒക്ടോബർ 15 -16 ദിവസങ്ങളിലായിട്ടാണ് യോഗം നടക്കുന്നത്.
ചില രാജ്യങ്ങൾ എസ്‌സിഒ മീറ്റിംഗിൽ തങ്ങളുടെ പങ്കാളിത്തം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്‌സിഒ യോഗത്തിലേക്കുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചതായി നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടുകൾ ഔദ്യോഗിക പ്രസ്താവനയിൽ നിഷേധിച്ചു.
കഴിഞ്ഞ വർഷം, വെർച്വൽ ഫോർമാറ്റിൽ നടന്ന എസ്‌സിഒ മീറ്റിംഗിന് ആതിഥേയത്വം വഹിച്ച ഇന്ത്യ പാകിസ്താനെ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. വീഡിയോ ലിങ്ക് വഴിയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യോഗത്തിൽ പങ്കെടുത്തത്.















