മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച മഹാരാഷ്‌ട്രയിലെത്തും. സന്ദർശനത്തിൽ പാൽഘറിൽ 76,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഇതിനുമുന്നോടിയായി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024-നെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം രാവിലെ മുംബൈയിൽ നിന്നും മോദിയുടെ സന്ദർശനം ആരംഭിക്കും. പിന്നീട് പാൽഘറിലെ സിഡ്‌കോ ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (ജിഎഫ്എഫ്) 2024-ൽ മുംബൈയിൽ നടക്കുന്ന പ്രത്യേക സെഷനിൽ പ്രധാനമന്ത്രി സംസാരിക്കും. പേയ്‌മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഫിൻടെക് കൺവെർജൻസ് കൗൺസിൽ എന്നിവർ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ നയരൂപകർത്താക്കൾ, റെഗുലേറ്റർമാർ, മുതിർന്ന ബാങ്കർമാർ, വ്യവസായ പ്രമുഖർ, ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുൾപ്പെടെ 800 ഓളം പ്രതിനിധികൾ പങ്കെടുക്കും. 350 ലധികം സെഷനുകളുണ്ടാകും.
വ്യാപാരവും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിനായുള്ള ലോകോത്തര സമുദ്ര ഗേറ്റ്‌വേ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പാൽഘറിൽ ഉദ്‌ഘാടനം ചെയ്യുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനായി ഏകദേശം 1,560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കും. ഈ പദ്ധതികൾ മേഖലയിൽ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 360 കോടി രൂപ ചെലവ് വരുന്ന “നാഷണൽ റോൾഔട്ട് ഓഫ് വെസൽ കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റ”വും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും