” ഇവിടെ ഉരുൾപൊട്ടി, ആരെങ്കിലും ഒന്ന് വരുമോ? അവരെല്ലാം ഉള്ളിൽ കുടുങ്ങി”…
ആരെന്നറിയാത്ത ഒരു സ്ത്രീയുടെ ഭയപ്പെടുത്തുന്ന, സങ്കടപ്പെടുന്ന വാട്സ്ആപ്പ് സന്ദേശം കേട്ടാണ് കേരളം ആ പുലർച്ചെ ഞെട്ടി എഴുന്നേറ്റത്. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിന്ന ആ ഇരുണ്ട ദിവസത്തിന്, ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് കേരളത്തിന്റെ ഉള്ളലുച്ച മുണ്ടക്കൈ, ചൂരൽമല ദുരന്തം നടന്നിട്ട് ഇന്ന് ഒരു മാസം.
ജൂലൈ 30-ന് പുലർച്ചെയാണ് ഉരുളൊഴുകിയെത്തി നാടിനെയാകെ ഭസ്മമാക്കിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 270 പേരാണ് മരിച്ചത്. 119 പേർ കാണാമറയത്ത്, ഇതിൽ 36 പേരെ ഇന്നലെ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി. ഏകദേശം 1,200 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 236 വീടുകൾ ഒലിച്ചുപോയി. 1,555 വീടുകൾ പൂർണമായും വാസ്യയോഗ്യമല്ലാതായി.
ദുരന്ത വിവരം പുറംലോകമറിഞ്ഞത് മുതൽ രക്ഷാപ്രവർത്തനത്തിനായി നാടൊന്നാകെ കൈകോർത്തു. സൈന്യം പൊലീസ്, അഗ്നിരക്ഷാ സേന, എൻഡിആർഎഫ്, വനംവകുപ്പും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇടയ്ക്കിടെ ഉരുൾ പൊട്ടിയിരുന്നെങ്കിലും ഇത്ര വലിയ ദുരന്തമാണുണ്ടായതെന്ന് അറിഞ്ഞത് വൈകിയാണെന്ന് നാട്ടുകാർ പറയുന്നു.
ഉറ്റവരും ഉടയവരും അടുത്തില്ലാതെ ക്യാമ്പുകളിലും ആശുപത്രികളിലുമായി നൂറുകണക്കിന് പേർ. കിലോമീറ്ററുകൾ അകലെ നിന്ന് വരെ ശരീരഭാഗങ്ങൾ ആഴ്ചകൾക്ക് ശേഷവും കണ്ടെടുക്കുന്ന ദയനീയമായ കാഴ്ച ഓരോരുത്തരുടെയും ഉള്ളുലച്ചു. അഞ്ച് വർഷം മുൻപ് ഒരു ഗ്രാമത്തെ തന്നെ ഉരുളെടുത്ത പുത്തുമലയിൽ ഒടുവിൽ അവർ കൂട്ടമായി അന്ത്യവിശ്രമം കൊള്ളുന്നു. പ്രകൃതിയുടെ സിംഹാരതാണ്ഡവത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീർ പ്രണാമം..
ജീവിതത്തിലേക്ക് തിരികെയെത്തിയത് ഏകദേശം 794-ത്തിലേറെ കുടുംബങ്ങളാണ്. ഇവർക്ക് സർക്കാർ താത്കാലിക പുനരധിവാസം സജ്ജമാക്കി. വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലുമാണ് കൂടുതൽ പേരും കഴിയുന്നത്. നിരവധി പേരാണ് തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഭൂമിയിൽ നിന്നും സംഭാവന ചെയ്യാൻ സന്നദ്ധത അറിയിക്കുന്നത്.
ചോര നീരാക്കി സമ്പാദിച്ചതെല്ലാം മലവെള്ളമെടുത്തതിന്റെ ഞെട്ടിലിൽ നിന്ന് പലരും മുക്തമായിട്ടില്ല. സ്വന്തമായൊരു കൂര എന്നത് ഇവരിൽ പലർക്കും സ്വപ്നം മാത്രമാവുകയാണ്. ദുരന്ത ബാധിതർക്ക് ആശ്രയമാകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്.
24 ദിവസം ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി സ്കൂളിൽ കഴിഞ്ഞ ദിവസമാണ് അധ്യയനം ആരംഭിച്ചത്. വെള്ളാർമല സ്കൂൾ മേപ്പാടി ജിവിഎച്ച്എസ്എസിലും മുണ്ടക്കൈ സ്കൂൾ എപിജെ ഹാളിലും സെപ്റ്റംബർ രണ്ട് മുതൽ ആരംഭിക്കും. 614 വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അവർ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ചേർത്ത് നിർത്താം, നാട് നിങ്ങൾക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താം..