തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിൽ മമത സർക്കാരിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. എന്നാൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടു. അടുത്തിടെ കൊൽക്കത്തയിൽ നിന്നും വളരെ ദാരുണമായ സംഭവമാണ് നാം കേട്ടത്. വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ മമത സർക്കാരിന് വീഴച സംഭവിച്ചുവെന്നത് രാജ്യത്തിനാകെ അപമാനകരമാണ്. പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരം നിയമങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കണം.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഇസ്ലാം മതവിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്ന വലിയൊരു പ്രശ്‌നമായിരുന്നു മുത്തലാഖ്. ഈ നിയമത്തിന് കേന്ദ്രസർക്കാർ അന്ത്യം കുറിച്ചു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഉപേക്ഷിക്കുന്ന ഏതൊരാൾക്കെതിരെയും ഇന്ന് കർശന നടപടി സ്വീകരിക്കും.
സ്ത്രീ ശാക്തീകരണമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്ക് വർദ്ധിച്ചുവരുന്നത് കാണാൻ സാധിക്കും. ഇതിനൊരു ഉദാഹരണമാണ് രാജ്യത്തിന്റെ സായുധ സേന. ഒരുകാലത്ത് സ്ത്രീ സാന്നിധ്യം ഇല്ലാതിരുന്ന മേഖലകളിൽ ഇന്ന് സ്ത്രീ ശാക്തീകരണം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.