മോഹൻലാൽ നായകനായ ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ഉർവശി. യോദ്ധ, സ്ഫടികം എന്നീ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് ഉർവശി പങ്കുവക്കുന്നത്. യോദ്ധയിലെ ദമയന്തിയെയും സ്ഫടികത്തിലെ തുളസിയെയും യുവ തലമുറയ്‌ക്കാണ് കൂടുതൽ ഇഷ്ടമെന്നും അന്നത്തെ തലമുറയിലെ ആളുകളേക്കാൾ ഇന്നത്തെ കുട്ടികളാണ് സിനിമകളെ ആഘോഷമാക്കുന്നതെന്നും ഉർവശി പറഞ്ഞു.
“യോദ്ധയിലും സ്ഫടികത്തിലുമൊക്കെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ യുവതലമുറ ആഘോഷമാക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. അക്കാര്യത്തിൽ ഇന്നത്തെ തലമുറയിലെ കുട്ടികളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം, ആ സിനിമകൾ ആസ്വദിക്കുമ്പോഴും കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും അതൊക്കെ വീണ്ടും ഓർമിക്കപ്പെടും.
ഓർമകളിലൂടെയാണ് ആ കഥാപാത്രങ്ങൾ ജീവിക്കുന്നത്. പണ്ട് ഞാൻ ചെയ്ത സിനിമകളെ കുറിച്ച് ഇപ്പോഴും പലരും എന്നോട് സംസാരിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ പങ്കുവക്കുകയും ചെയ്യും. സ്ഫടികത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എപ്പോഴും എനിക്കിഷ്ടം”.
സീനിയറായിട്ടുള്ള സംവിധായകന്മാരോടൊപ്പവും ഇപ്പോഴത്തെ യുവ സംവിധായകന്മാരോടൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. പണ്ടത്തെ സംവിധായകന്മാർ അദ്ധ്യാപകന്മാരെ പോലൊയായിരുന്നു. ഇന്ന് അവർ നമ്മുടെ സുഹൃത്തുക്കളെ പോലെയാണെന്നും ഉർവശി പറഞ്ഞു.