പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉള്ളിവടയ്‌ക്കുള്ളിൽ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മല്ലപ്പള്ളി IHRD വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നാണ് ഉള്ളിവട വാങ്ങിയത്. ഇതിനൊപ്പം ഉഴുന്നുവടയും പരിപ്പുവടയും വാങ്ങിയിരുന്നു. വീട്ടിലെത്തി കഴിച്ചുതുടങ്ങിയപ്പോഴാണ് ഉള്ളിവടയിൽ സിഗരറ്റിന്റെ കുറ്റി കണ്ടെത്തിയത്.
തുടർന്ന് ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസന്വേഷണം ആരംഭിച്ച പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ തട്ടുകട പൂട്ടിച്ചു.
എന്നാൽ തങ്ങളുടെ കടയിൽ നിന്ന് പാകം ചെയ്ത പലഹാരങ്ങൾ അല്ല ഇവയെന്നാണ് കടയുടമയുടെ വാദം. സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ചിത്രങ്ങൾ സഹിതം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.