പാലക്കാട്: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിനുളള ഒരുക്കങ്ങൾ പാലക്കാട് പൂർത്തിയായി. ശനിയാഴ്ച മുതൽ (ആഗസ്ത് 31) സെപ്റ്റംബർ 2 വരെ പാലക്കാട് അഹല്യ കാമ്പസിലാണ് ബൈഠക് നടക്കുക. ഇതാദ്യമായാണ് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തിൽ നടക്കുന്നത്.
സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും പരിവാർ സംഘടനകളുടെ ഉൾപ്പെടെ ദേശീയ അദ്ധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികളായ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. 32 സംഘടനകളുടെ ദേശീയ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുക. ഈ സംഘടനകളുടെ പ്രവർത്തനവും സംഘടനാ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാവും.
ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യ വിഷയങ്ങൾ, ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ, ബംഗ്ളാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചർച്ചയാകും. 2025 വിജയശമി മുതൽ 2026 വിജയദശമി വരെ ആർഎസ്എസ്ശതാബ്ദി വർഷമാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തിൽ വലിയ പരിവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദമാക്കി.
31 ന് രാവിലെ 9 ന് ആരംഭിക്കുന്ന യോഗം സപ്തംബർ 2 ന് 6 മണിക്ക് സമാപിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ്, അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ എന്നിവർ പങ്കെടുക്കും.
പ്രധാനമായും അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവർത്തന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പൗരധർമ്മത്തിലൂടെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും അവകാശങ്ങൾക്കൊപ്പം കടമകളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന ആശയം പ്രചരിപ്പിക്കും. രാഷ്‌ട്രജീവിതത്തെ ശക്തിപ്പെടുത്താൻ മൗലിക അവകാശങ്ങളെ പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്. ഈ അഞ്ച് രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവർത്തന പരിശ്രമങ്ങളാണ് സംഘം ശതാബ്ദി വർഷത്തിൽ ലക്ഷ്യമിടുന്നതെന്ന് സുനിൽ ആംബേകർ വിശദീകരിച്ചു.
സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോഴുംരാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനുപകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമായി മാറണം. സ്വദേശി എന്നതിലൂടെ രാഷ്‌ട്ര ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വത്വബോധം നേടണം എന്നതാണ് ലക്ഷ്യമിടുന്നത്. പര്യാവരണ ബോധവൽക്കരണത്തിലൂടെ പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബലറാം പങ്കെടുത്തു. ആർഎസ്എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി സന്നിഹിതനായിരുന്നു.