കൊൽക്കത്ത: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വികസന മന്ത്രി അന്നപൂർണ്ണാ ദേവി. ഇത്തരം കേസുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും ഇതിനായി പ്രത്യേകം വ്യവസ്ഥ വേണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മമത ബാനർജി ആവശ്യപ്പെട്ടിരുന്നത്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മമത കേന്ദ്രത്തിന് കത്തയച്ചത്.
എന്നാൽ സ്വന്തം സംസ്ഥാനത്ത് സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമവും ചടങ്ങളും നടപ്പാക്കുന്നത് ഉറപ്പിക്കാൻ മമത ഇതുവരെ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് അന്നപൂർണ്ണാ ദേവി മമത ബാനർജിക്ക് അയച്ച കത്തിൽ പറയുന്നു. ബംഗാളിൽ 48,600 ബലാത്സംഗ കേസുകളും, പോക്‌സോ കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന് അനുവദനീയമായിട്ടും പല ഫാസ്റ്റ് ട്രാക്ക് കോടതികളും പ്രവർത്തനസജ്ജമാക്കിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മമത കത്തിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായി തെറ്റാണ്. ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തസജ്ജമാക്കുന്നതിൽ സംസ്ഥാനത്തിന് വന്ന കാലതാമസം മറച്ചുവയ്‌ക്കുന്നതിനായുള്ള ശ്രമമാണിതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീ സുരക്ഷയ്‌ക്കായി സ്വന്തം സംസ്ഥാനത്ത് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മമത ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശനം ഉന്നയിച്ചു.മമത നുണകളുടെ ഒരു കൂമ്പാരം തീർത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കത്തുകൾ എഴുതുന്നത് നിർത്തി പകരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.















