ഒരു കുഞ്ഞ് പിറക്കുന്നതിന് മുമ്പേ മാതാപിതാക്കൾ കുട്ടിക്കായി പല തരത്തിലുള്ള പേരുകൾ കണ്ടെത്താറുണ്ട്. ഓരോ വ്യക്തികളെയും വ്യത്യസ്തമാക്കുന്നത് അവരുടെ പേരും സ്വഭാവവുമാണ്. എന്നാൽ മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും ഇത്തരത്തിൽ പേരിടലുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
മാർമോസെറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന കുരങ്ങുകൾക്കിടയിൽ ഓരോ കുരങ്ങിനും വ്യത്യസ്ത പേരുകൾ ഉണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ജെറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 10 മാർമോസെറ്റുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവ മൂന്ന് വ്യത്യസ്ത കുടുംബത്തിൽ നിന്നുള്ള കുരങ്ങുകളായിരുന്നു. എന്നാൽ ഒരേ കുടുംബത്തിലെ ഓരോരോ അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായി ഇവർ വ്യത്യസ്ത ശബ്ദങ്ങളായിരുന്നു പുറപ്പെടുവിച്ചത്.
വോക്കൽ ലേബലുകൾ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്. ഉച്ചത്തിലും ഉയർന്നതുമായ ശബ്ദങ്ങൾ ഉപയോഗിച്ചായിരുന്നു കുരങ്ങുകൾ ആശയവിനിമയം നടത്തിയിരുന്നത്. ആറ് മുതൽ എട്ട് പേരടങ്ങുന്ന ചെറു കുടുംബമായാണ് ഈ മൃഗങ്ങൾ ജീവിക്കുന്നത്. കുടുംബങ്ങളിൽ ഒരു മുതിർന്ന അംഗവും ഭാര്യയും ഭർത്താവും ഇവരുടെ മക്കളും ഉൾപ്പെടുന്നു. മനുഷ്യരെ പോലെ ഈ മൃഗങ്ങളും പരസ്പരം പേരുകൾ നൽകുന്നുവെന്നും ഗവേഷകർ കണ്ടെത്തി. മുമ്പ് ബോട്ടിൽ നോസ് ഡോൾഫിനുകൾ, ആഫ്രിക്കൻ ആനകൾ എന്നിവയിലും ഇത്തരം സവിശഷതകൾ ഗവേഷകർ കണ്ടെത്തിയിരുന്നു.















