തിരുവനന്തപുരം: മുകേഷിന്റെ രാജി വേണ്ടെന്ന നിലപാട് എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമാന ആരോപണങ്ങൾ നേരിട്ട എംഎൽഎമാരും എംപിമാരും ഇതുവരെ രാജിവച്ചിട്ടില്ല, അതിനാൽ മുകേഷും രാജിവയ്‌ക്കേണ്ടതില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
മുകേഷിന്റെ രാജിയാവശ്യം വലിയൊരു ക്യാമ്പയിനായിരിക്കുകയാണ്. രാജ്യത്ത് നിരവധി എംപിമാർക്കെതിരെയും എംഎൽഎമാർക്കെതിരെയും സ്ത്രീകൾക്കെതിരരായ കുറ്റകൃത്യത്തിന് കേസുണ്ട്. അതിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുമുണ്ട്. 16 MPമാരും135 MLAമാരും രാജ്യത്ത് പ്രതികളാണ്. അവർ ആരുംതന്നെ ഇതുവരെ രാജിവച്ചിട്ടില്ല. കേരളത്തിലെ പല എംപിമാർക്കും എംഎൽഎമാരും ഇത്തരത്തിൽ ആരോപണവിധേയരായിട്ടുണ്ട്. ഇവരൊക്കെ മന്ത്രിസ്ഥാനം മാത്രമാണ് രാജിവച്ചത്. എംഎൽഎ/എംപി സ്ഥാനം രാജിവച്ചിട്ടില്ല. അതുകൊണ്ട് മുകേഷും രാജിവയ്‌ക്കേണ്ടതില്ലെന്നാണ് നിലപാട്.
അന്വേഷണത്തിൽ മുകേഷിന് ഒരു ആനുകൂല്യവും നൽകില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കും. സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റി നിർത്തുന്നതാണ്. മുകേഷ് ധാർമികതയുടെ പേരിൽ രാജിവച്ചാൽ, പിന്നീട് കുറ്റവിമുക്തനാണെന്ന് തെളിഞ്ഞാൽ എംഎൽഎ സ്ഥാനം തിരികെ ലഭിക്കില്ല. തെരഞ്ഞെടുപ്പിലൂടെ മാത്രമേ സ്ഥാനം ലഭിക്കൂ. അതിനാൽ ധാർമികത മുൻനിർത്തി രാജി വയ്‌ക്കാനാവില്ല. രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള മുറവിളി അംഗീകരിക്കുകയുമില്ല.
ഇന്ത്യയിൽ ആദ്യമായാണ് സിനിമാ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നൽകിയ ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. കമ്മിറ്റി നിർദേശിച്ച 24 ശുപാർശകൾ മനസിലാക്കി സർക്കാർ നടപടികൾ സ്വീകരിക്കും. സിനിമ നയം രൂപീകരിക്കണമെന്ന ശുപാർശയുടെ ഭാഗമായാണ് ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സിനിമാനയ രൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. സിനിമാ കോൺക്ലേവ് നടത്താനും തീരുമാനമായി. എന്നാൽ ഇതിനെ എതിർത്ത് പലരും രംഗത്തെത്തി. എല്ലാവരേയും ഒപ്പം നിർത്തി കോൺക്ലേവ് നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ടുപോകും. നിയമനിർമാണവും ട്രിബ്യൂണലും അനിവാര്യമാണ്.
റിപ്പോർട്ട് മുഴുവൻ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത് ജസ്റ്റിസ് ഹേമയാണ്. സ്വകാര്യതയെ ബാധിക്കുമെന്ന കാരണത്താലാണ് പുറത്തുവിടാതിരുന്നത്. ഏഴ് പേരടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ടീം പരാതികളിൽ അന്വേഷണം നടത്തും. 11 എണ്ണത്തിൽ പൊലീസ് കേസെടുത്തു. അതിൽ മുകേഷ് എംഎൽഎക്കെതിരായ കേസ് അടക്കം ഉൾപ്പെടും. – എംവി ഗോവിന്ദൻ അറിയിച്ചു.