കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ തന്റെ സംഗീത പരിപാടി മാറ്റിവച്ച് ഗായിക ശ്രേയ ഘോഷാൽ. തീരുമാനത്തിനുപിന്നാലെ മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും രംഗത്തെത്തി. തന്റെ “ഓൾ ഹാർട്ട്സ് ടൂറിന്റെ” ഭാഗമായ കൊൽക്കത്തയിലെ സംഗീത പരിപാടിയാണ് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രേയ ഘോഷാൽ മാറ്റിവച്ചത്.
“ഈയിടെ നടന്ന ദാരുണമായ കൊലപാതകം എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ, അവൾ കടന്നുപോയ ക്രൂരത എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല” ശ്രേയയുടെ പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 14-ന് നിശ്ചയിച്ചിരുന്ന തന്റെ കൊൽക്കത്ത പരിപാടി ഒക്ടോബറിലേക്ക് പുനഃക്രമീകരിക്കുമെന്ന് അവർ അറിയിച്ചു.
നേരത്തെ ആർജി കാർ മെഡിക്കൽ കോളേജിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിക്കായി ബോളിവുഡ് ഗായകൻ അർജിത്ത് സിംഗ് “ആർ കോബെ” എന്ന പേരിൽ ഒരു പ്രതിഷേധ ഗാനം ആലപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശ്രേയ ഘോഷാലും ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗീത പരിപാടി മാറ്റിവച്ചത്. ഇക്കാര്യം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തന്റെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
കുറ്റകൃത്യം മറച്ചുവെക്കാനും പ്രതിഷേധം ഇല്ലാതാക്കാനും ഇപ്പോഴും ബംഗാൾ പൊലീസിനെ ഉപയോഗിക്കുന്ന മമതാ ബാനർജി ഒഴികെ ലോകം മുഴുവൻ ഇരയ്ക്കായി ഒറ്റക്കെട്ടായി നിൽക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അമിത് മാളവ്യ പറഞ്ഞു.















