എറണാകുളം: കളമശേരിയിൽ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും കടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിലാണ് പൊലീസ് പിടികൂടിയത്.
അസ്ത്ര ബസിലെ കണ്ടക്ടറായ ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ കയറിയ പ്രതി അനീഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെൺ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്നാണ് സംശയം. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
കളമശേരി എച്ച്എംടി ജംഗ്ഷനിൽ വച്ചാണ് സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരുമായി വന്ന ബസിനുള്ളിൽ ഉച്ചയ്‌ക്ക് 12.30-നാണ് കൊലപാതകം നടന്നത്. അനീഷിന്റെ നെഞ്ചിലാണ് കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയിൽ കയ്യിനും കഴുത്തിനും പരിക്കേറ്റിരുന്നു. ബസിനകത്ത് കുത്തേറ്റുവീണ അനീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.















