ദുബായ്: തൊഴിലാളികളുടെ സമ്പൂർണ ക്ഷേമം ഉറപ്പാക്കികൊണ്ട് യുഎഇയിൽ പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ വന്നു. തൊഴിൽ വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദഗതി.
ജൂലൈ 29-ന് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് ഇന്ന് മുതൽ പ്രാബല്യത്തിലായത്. ഇതോടെ ജീവനക്കാർക്ക് സൗജന്യ താമസവും ആരോഗ്യപരിരക്ഷയും ഇൻഷുറൻസും നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമായി. ജീവനക്കാരുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്‌ക്കാനും കരാർ അവസാനിച്ചാൽ രാജ്യം വിടാൻ നിർബന്ധിക്കാനും കമ്പനിക്ക് അവകാശമില്ല.
തൊഴിലാളി ജോലി രാജിവച്ചാലും രണ്ട് വർഷം വരെ ഫയൽ സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. ജോലി മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ കമ്പനി നൽകണം. ജോലി സ്ഥലത്ത് സുരക്ഷാ ഉപകരണങ്ങളും നൽകണം. ആരോഗ്യകരമായ താമസ, തൊഴിൽ അന്തരീക്ഷമുണ്ടാകണം. കരാർ കാലാവധി കഴിഞ്ഞ് പോകുന്നവർക്ക് എക്സിപീരിയൻസ് സർട്ടിഫിക്കറ്റ് നൽകണം.
നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് വിമാന ടിക്കറ്റ് നൽകണമെന്നും നിബന്ധനയുണ്ട്. ജോലിക്ക് ചേരുന്നതിന് മുമ്പ് തന്നെ തൊഴിൽ കരാർ ഉണ്ടാക്കണമെന്നും ഇരുവരുടെയും ഉത്തരവാദിത്തങ്ങളും ബാധ്യതകളും അതിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
തൊഴിൽ കരാറിന് മന്ത്രാലയത്തിന്റെ അംഗീകാരം നേടണം. തൊഴിൽ തർക്ക പരാതിയുള്ളവർ 80084 നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. അതോടൊപ്പം വ്യാജ സ്വദേശി നിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ് നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.