കോട്ടയം: ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ മൗനം വെടിഞ്ഞ് ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരവകുപ്പിനെയും പൊലീസ് വകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പിടിച്ചുകുലുക്കുന്ന തരത്തിൽ പിവി അൻവർ എംഎൽഎ ഉന്നയിച്ച അതിഗുരുതരമായ ആരോപണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുഖംരക്ഷിക്കൽ പ്രസ്താവന.
അസാധാരണമായി പൊതുവേദിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം. എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളിന്മേൽ ഡിജിപി തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസ്, മുഖ്യമന്ത്രിയുടെ ഓഫീസ്, ആഭ്യന്തരവകുപ്പ് എന്നിവയ്‌ക്കെതിരെയായിരുന്നു ഭരണപക്ഷ എംഎൽഎയായ പിവി അൻവർ അതിഗുരുതര ആരോപണം ഉന്നയിച്ചത്.
കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വച്ചായിരുന്നു അന്വേഷണ പ്രഖ്യാപനം. ആരോപണ വിധേയനായ എഡിജിപിയും വേദിയിലുണ്ടായിരുന്നു. ഒരേവേദിയിൽ ഇരുന്നിട്ടും എംആർ അജിത്കുമാറിനെ മുഖ്യമന്ത്രി നോക്കിയിരുന്നില്ല.
മർദ്ദനോപകരണം എന്നതിൽ നിന്ന് ജനസേവകരാക്കി പൊലീസിനെ മാറ്റിയെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസ് സേനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. എങ്കിലും അതിനോട് മുഖം തിരിച്ചു നിൽക്കുന്നവർ ഉണ്ട്.
അത് സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കും. അത്തരക്കാർ സേനയിൽ വേണ്ട. പല സമയങ്ങളിലായി അവരെ സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിയും തുടരും. സത്യസന്ധരാണ് ഏറിയ പങ്കും. അവർക്ക് പൂർണ പിന്തുണ നൽകും. മുഖം നോക്കാതെ നടപടി എടുക്കും. അതിന് ആരെയും പേടിക്കേണ്ടതില്ല. ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലും ഉണ്ടാകില്ല. ഉന്നതൻ ആണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കും. ഒരാളുടെ തെറ്റ് സേനയ്‌ക്ക് ആകെ അപമാനം ഉണ്ടാക്കുന്ന സാഹചര്യമുണ്ട്. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ നിലപാടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ 108 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതാണ്. ഇനിയും വിട്ടുവീഴ്ച ഇല്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്തിടെ ഉണ്ടായ വിഷയങ്ങളിൽ സർക്കാരിന് ശരിയായ നിലപാടാണുള്ളത്. വിവാദങ്ങൾ ഉണ്ടായതിനാൽ മാദ്ധ്യമ പ്രവർത്തകർക്ക് ഇന്ന് കരുത്തോടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നു. എല്ലാ ഗൗരവവും നിലനിർത്തി തന്നെ അന്വേഷണം നടത്തും. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കും. അച്ചടക്കം പ്രധാനമാണ്, അതിന് നിരക്കാത്ത നടപടികൾ വച്ചു പൊറുപ്പിക്കില്ല. നടപടി തീർച്ചയായും ഉണ്ടാകും. അച്ചടക്കലഘനം ആരും അനുകരിക്കാൻ നിൽക്കേണ്ട. തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.