എറണാകുളം: മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ കൈമാറി. മുദ്രവച്ച കവറിലാക്കി മുകേഷിന്റെ അഭിഭാഷകനാണ് തെളിവുകൾ കോടതിയിൽ സമർപ്പിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടിതിയിൽ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. നടപടികൾ അടച്ചിട്ട കോടതി മുറിയിൽ ആയിരിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു.
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നടിയെ ലൈംഗികമായി അതിക്രമിച്ചുവെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നടൻ മുകേഷിനെതിരെ പീഡനക്കേസെടുത്ത പൊലീസ് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ മുകേഷിനെ അറസ്റ്റ് ചെയ്യാൻ വിലക്കുണ്ട്. അഞ്ച് ദിവസത്തേക്കാണ് വിലക്കുള്ളത്.