മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച പീരങ്കി ഷെല്ലുകൾക്ക് പകരമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കുതിര സവാരിപ്രിയനായ കിമ്മിന് 24 തൂവെള്ളക്കുതിരകളാണ് വ്ലാദിമിർ പുടിൻ അയച്ചുനൽകിയത്.
കിമ്മിന്റെ പ്രിയങ്കരമെന്ന് പറയപ്പെടുന്ന ഓർലോവ് ട്രോട്ടർ ഇനത്തിൽ പെട്ട പത്തൊൻപത് ആൺകുതിരകളെയും അഞ്ച് പെൺകുതിരകളെയുമാണ് പുടിൻ സമ്മാനമായി നൽകിയത്. രണ്ട് വർഷങ്ങൾക്ക് മുൻപും ഇതേ ഇനത്തിൽപ്പെട്ട 30 കുതിരകളെ കിമ്മിന് ലഭിച്ചിരുന്നു. അന്ന് ചില മാധ്യമങ്ങൾ പുറത്തുവിട്ട സർക്കാരിന്റെ പ്രചാരണ വീഡിയോയിൽ മഞ്ഞുപെയ്യുന്ന പെക്‌തു പർവതചെരിവിലൂടെ വെള്ളകുതിരപ്പുറത്തേറി വരുന്ന കിമ്മിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കിം സവാരി ചെയ്യുന്ന കുതിരകൾ ഉത്തരകൊറിയയുടെ പൈതൃകത്തിന്റെയും 1950 ലെ കൊറിയൻ യുദ്ധത്തിന് ശേഷമുള്ള ഉത്തരകൊറിയയുടെ തിരിച്ചുവരവിൻെറയും പ്രതിഫലനമായാണ് കാണുന്നത്. അതേസമയം കിമ്മും പുടിനും പങ്കിടുന്ന ശക്തമായ സൗഹൃദം അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇരുനേതാക്കളും പരസ്പരമുള്ള സഹായങ്ങൾക്ക് പ്രതിഫലമായി സമ്മാനങ്ങൾ അയച്ചുനൽകാറുണ്ട്. ജൂണിൽ, കിം പുടിന് പുങ്‌സാൻ ഇനത്തിൽപ്പെട്ട ഒരു ജോഡി വേട്ട നായ്‌ക്കളെ സമ്മാനമായി നൽകിയിരുന്നു. പകരം ഓഗസ്റ്റിൽ പുടിൻ കിമ്മിന് 447 ആടുകളും അയച്ചു നൽകി.















