ന്യൂഡൽഹി: ബിജെപി അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി വളർത്തുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസ്‌നേഹം ഉയർത്തിപിടിച്ച് മുന്നോട്ടു പോകാൻ ഓരോ ഭാരതീയനും സാധിക്കണം. ജനസംഘത്തിന്റെ കാലം മുതൽ പിന്തുടരുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കാമ്പെയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ബിജെപി ഇന്ന് ലോകം മുഴുവൻ ഉറ്റു നോക്കുന്ന പാർട്ടിയായി വളരുകയാണ്. ചുമരുകളിൽ വരയ്‌ക്കുന്ന താമര ഇന്ന് മനുഷ്യരുടെ ഹൃദയത്തിലാണ് പതിഞ്ഞിരിക്കുന്നത്. ബിജെപി ഓരോരുത്തരിലും വളർത്തിയെടുക്കുന്നത് പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണ്. ലോകത്തെ ജനങ്ങൾ ഏറെ വിശ്വാസിക്കുന്ന പാർട്ടിയാണ് ബിജെപി. രാജ്യത്തെ ജനങ്ങൾ ബിജെപിയെ നെഞ്ചിലേറ്റി. രാജ്യസ്‌നേഹം ഉയർത്തിപിടിക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.
അംഗത്വം പുതുക്കിയ സർട്ടിഫിക്കറ്റ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയിൽ നിന്നും പ്രധാനമന്ത്രി ഏറ്റുവാങ്ങി. ബിജെപി മെമ്പർഷിപ്പ് ക്യാംപയിൻ കേവലം ഒരു പരിപാടിയല്ലെന്നും ഒരു കുടുംബത്തെ വളർത്തിയെടുക്കലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി സ്വീകരിച്ച നയങ്ങളിലൂടെയും പിന്തുടരുന്ന പാതകളിലൂടെയും ഇന്ന് രാജ്യത്തെ നല്ലൊരു ശതമാനം പാവപ്പെട്ട ജനങ്ങൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും സഹായങ്ങൾ എത്തിക്കാൻ ഇനിയും കരുത്തോടെ മുന്നേറണമെന്നും പുതിയ ബിജെപി അംഗത്വ ക്യാംപയിൻ പഴയ റെക്കോർഡുകൾ തിരുത്തുമെന്നതിൽ ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.















