മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം വല്യേട്ടൻ റീ റിലിസിനൊരുങ്ങുന്നു. 4k ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ നൂതനശബ്ദ- ദൃശ്യ വിസ്മയങ്ങളോടെയാണ് വല്യേട്ടൻ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി തകർത്ത് അഭിനയിച്ച് മലയാളികൾ നെഞ്ചേറ്റിയ വല്യേട്ടൻ 25 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്.
അതേസമയം റീ റിലീസ് വാർത്ത ഈ സിനിമ പതിവായി പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനലുമായി ബന്ധപ്പെടുത്തിയാണ് ട്രോളൻമാർ ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് ഇറങ്ങിയത്. അറക്കൽ മാധവനുണ്ണിയുടെ ഡയലോഗ് മുതൽ ചട്ടമ്പിനാട്ടിലെ ഡയലോഗ് വരെ ട്രോളുകളിൽ ഇടംപിടിച്ചിരുന്നു.
അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടനായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രത്തിന് വലിയ ജനപ്രീതിയാണ് നേടാനായത്. അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്ന പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്. വീണ്ടും ആ പ്രകടനങ്ങൾ 4 k മികവിൽ എത്തുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് വല്യേട്ടൻ. രഞ്ജിത്ത്- ഷാജി കൈലാസ് കൂട്ടുകെട്ടിലെ ആദ്യ സിനിമ കൂടിയായിരുന്നുയിത്. സമ്പന്നനായ അറക്കൽ മാധവനുണ്ണിയുടെയും അനിയന്മാരുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ശോഭന, സായ് കുമാർ, മനോജ് കെ ജെയൻ, വിജയകുമാർ, സുധീഷ്, കലാഭവൻ മണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.















