മലപ്പുറം: താനൂർ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. താനൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. 25,000ലധികം രൂപ മോഷണം പോയതായാണ് വിലയിരുത്തൽ.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് മോഷ്ടാവ് പണം കവർന്നത്. പ്രധാന കവാടത്തിലേതടക്കം അഞ്ച് ഭണ്ഡാരങ്ങളാണ് തകർത്തത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് ഭണ്ഡാരങ്ങൾ തകർന്ന നിലയിൽ കണ്ടത്. ഇതോടെ നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ രീതിയിൽ മോഷ്ടാവ് പള്ളിയിൽ നിന്നും പണം കവർന്നതായി പൊലീസിന് പരാതി ലഭിച്ചു. ക്ഷേത്രത്തിലെയും പള്ളിയിലെയും സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.