ന്യൂഡൽഹി: സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള സമയമായെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന പല കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ സമകാലീനമായ മാറ്റം ആവശ്യമാണെന്നും, ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മറ്റൊരു തലത്തിലേക്ക് മാറാനുള്ള സമയമായതിനാലാണ് മൂന്നാം ടേമിന്റെ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി സിംഗപ്പൂർ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും എസ് ജയശങ്കർ പറയുന്നു.
കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഇന്ത്യയും സിംഗപ്പൂരും തമ്മിലുളള ഉഭയകക്ഷി ബന്ധം വളരെ ദൃഢമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ” ഉഭയകക്ഷി ബന്ധം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറേണ്ട സമയമായിരിക്കുകയാണ്. പരസ്പരമുള്ള വിശ്വാസത്തിലും സഹകരണത്തിലുമെല്ലാം അടിസ്ഥാനമാക്കിയുള്ള ബന്ധമാണത്. നമ്മളിന്ന് വളരെ അധികം മുന്നോട്ട് പോയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും സാഹചര്യങ്ങളും ആഗോള തലത്തിലെ കാര്യങ്ങളുമെല്ലാം പരിഗണിക്കുമ്പോൾ ഇനിയും വളരെ അധികം മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് മനസിലാകും.
കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വളർച്ച, കൊറോണയ്‌ക്ക് ശേഷമുള്ള സ്ഥിതി, ഡിജിറ്റലൈസേഷൻ, അടിസ്ഥാന മേഖലയിലെ വികസനം ഇതെല്ലാം ചില നിർണായക ഘടകങ്ങളാണ്. ഗ്രീൻ എനർജി, ഇലക്ട്രോണിക് മൊബിലിറ്റി ഇതിലെല്ലാം ഭാവിയിലേക്കുള്ള ചർച്ചകളെ കുറിച്ചും നാം ചിന്തിക്കണം. ആക്ട് ഈസ്റ്റ് പോളിസി സിംഗപ്പൂരിന്റേയും ആസിയാന്റെയും താത്പര്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. ഓരോ മേഖലയുടേയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നത് പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്ന് മനസിലാക്കാമെന്നും” ജയശങ്കർ വ്യക്തമാക്കി.
ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെ, സിംഗപ്പൂർ സന്ദർശനത്തിനായി ഡൽഹിയിൽ നിന്ന് തിരിച്ചത്. അഞ്ചാം തിയതിയാണ് അദ്ദേഹം സിംഗപ്പൂരിലെത്തുക. തുടർന്ന് പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മന്ത്രിസഭാംഗങ്ങളായ ലി സുയാൻ ലുങ്, ഗോ ചോങ് ടോക് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.















