റാവൽപിണ്ടിയിലെ രണ്ടാം ടെസ്റ്റിലും പാകിസ്താനെ അനായാസം മറികടന്ന് ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ അവസാന മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ജയം. നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീണ് പ്രതിസന്ധിയിലായെങ്കിലും 40 റണ്‍സെടുത്ത ഓപ്പണര്‍ സാക്കിര്‍ ഹസൻ, ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ (38), മൊമിനുൾ ഹഖ്(34) എന്നിവരുടെ ഇന്നിംഗ്സുകളിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.
സ്കോര്‍ പാകിസ്ഥാന്‍ 274, 172, ബംഗ്ലാദേശ് 262, 185-4. ആദ്യ ദിവസം പൂർണമായി മഴ കവർന്നെടുത്തതോടെ നാലു ദിവസത്തിലാണ് ബംഗ്ലാദേശ് പാകിസ്താനെ ചുരുട്ടിക്കൂട്ടിയത്.ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ലിറ്റൺ ദാസാണ് മത്സരത്തിലെ താരമായത്.രണ്ടുമത്സരത്തിൽ നിന്ന് 155 റൺസും 10 വിക്കറ്റും നേടിയ മെഹിദി ഹസനാണ് പരമ്പരയിലെ താരം
ടെസ്റ്റ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്. 2009 ന് ശേഷം നാട്ടിന് പുറത്ത് ബംഗ്ലാദേശ് ഒരു പരമ്പര ജയിക്കുന്നതും ആദ്യമാണ്. പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെയും മറികടന്നാണ് ബംഗ്ലാദേശിന്റെ മുന്നേറ്റം. ഷാൻ മസൂദ് നയിച്ച പാകിസ്താൻ എട്ടാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പാകിസ്താൻ ഏറെക്കുറെ പുറത്തായി.