ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് മലയാള സിനിമയിൽ നടക്കുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ അമ്മ, ഫെഫ്ക എന്നീ സംഘടനകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചർച്ചകളാണ് സജീവം. അമ്മയ്‌ക്കെതിരെയും ഫെഫ്കയ്‌ക്കെതിരെയും പരസ്യമായി രംഗത്തുവന്ന രണ്ടു പ്രധാന വ്യക്തികളാണ് സംവിധായകരായ വിനയനും ആഷിക് അബുവും. ഇരുവരും ചേർന്ന് മലയാള സിനിമയിൽ സാങ്കേതിക പ്രവർത്തകരുടെ ഒരു പുതിയ സംഘടന രൂപീകരിക്കാൻ പോകുന്നു എന്ന തരത്തിലും ചർച്ചകൾ ഉടലെടുത്തിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.
“മാക്ട ഫെഡറേഷൻ എന്ന സംഘടനയിൽ ഇന്ന് ആരുമില്ല. ഇന്ന് ഫെഫ്കയാണ്. മറ്റൊന്നിനുമല്ല ഫെഫ്ക രൂപീകരിച്ചത്. പവർ ഗ്രൂപ്പിന് തോന്നിവാസം കാണിക്കാനുള്ള ഒരു സംഘടനയായിട്ടാണ് മാക്ട പിളർത്തി ഫെഫ്ക രൂപീകരിച്ചത്. ഞാനും ആഷിക് അബുവും ചേർന്ന് സംഘടന ഉണ്ടാക്കുന്നു എന്നതിൽ ഒരു വാസ്തവവും ഇല്ല. വർഷങ്ങളായി ഞാൻ ആഷിക് അബുവുമായി സംസാരിച്ചിട്ട്. എനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ടിവിയിൽ ആഷിക് അബു പറഞ്ഞിരുന്നു. അപ്പോഴാണ് ആഷിക് അബുവിനെ പോലുള്ളവർ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്”.
“ഞാനൊരു പുതിയ സംഘടന ഉണ്ടാക്കാനോ, അതിന്റെ നേതൃത്വത്തിൽ വരാനോ ആഗ്രഹിക്കുന്നില്ല. ഇതാണ് സത്യം. എന്നാൽ ആഷിക് അബു പുതിയ യൂണിയൻ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് നല്ലതാണെന്ന് ഞാൻ പറയും. എനിക്ക് നല്ലതെന്ന് തോന്നുന്ന യൂണിയനിൽ ഭാവിയിൽ ഞാൻ ചേർന്നേക്കാം, പ്രവർത്തിച്ചേക്കാം. അതല്ലാതെ ഒരു യൂണിയനും സംഘടനയും ഉണ്ടാക്കാൻ ഞാനില്ല”-വിനയൻ പറഞ്ഞു.















