മലപ്പുറം: തിരൂർ പറവണ്ണ ബീച്ചിൽ കരയ്‌ക്കടിഞ്ഞ് ഭീമൻ നീലതിമിംഗലം. ഏകദേശം മുപ്പത് അടിയിലധികം നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് തീരത്ത് അടിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജഡത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്. ഭീമൻ തിമിംഗലം കരയ്‌ക്കടിയുന്നത് മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. കനത്ത ദുർഗന്ധം കാരണം സമീപത്ത് താമസിക്കുന്നവർക്ക് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതായും എത്രയും വേഗം ജഡം മറവ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ അറിയിച്ചു.















