ബെംഗളൂരു: ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന പട്ടുസാരികൾ മോഷ്ടിച്ച് കടത്തിയ സ്ത്രീകൾ അറസ്റ്റിൽ. 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് സംഘം മോഷിടിച്ചത്. കേസുമായി ബന്ധപ്പെട്ട് 4 സ്ത്രീകളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ ജെപി നഗറിലുള്ള ടെക്സ്റ്റൈൽസിലാണ് സംഭവം. അറസ്റ്റിലായ നാല് സ്ത്രീകളും മറ്റ് രണ്ട് പേരടങ്ങുന്ന സംഘവുമാണ് കടയിലെത്തിയത്. ജീവനക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷം ഇവർ 18 പട്ടുസാരികളുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ കടക്കാരൻ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ പ്രദേശത്തെ പല കടകളിലും ഇത്തരത്തിൽ വില കൂടിയ സാരികൾ മോഷ്ടിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പൊലീസ് ഇവർ മോഷ്ടിച്ച സാരികൾ കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.