ന്യൂഡൽഹി: മമത സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് കേന്ദ്രം. ആർജി കാർ കോളേജിൽ വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫിന് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. അപേക്ഷകൾ അംഗീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഹർജി.
സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് വേണ്ട താമസസൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 54 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 92 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് ആർജി കാർ ആശുപത്രിയിലെ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 21-ന് ആശുപത്രിയിലെ ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കുന്നതിന് സിഐഎസ്എഫിനെ വിന്യസിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ട്രെിയിനി ഡോക്ടറുടെ കൊലപാതകത്തെ തുടർന്നാണ് കോടതി ഉത്തരവിറക്കിയത്.
ഗതാഗത സൗകര്യങ്ങളോ സുരക്ഷാ ഗാഡ്‌ജെറ്റുകളോ ഉദ്യോഗസ്ഥർക്ക് ഒരുക്കിയിട്ടില്ല. പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയെ ചോദ്യം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ ഹർജി. പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നില്ലെന്നും സർക്കാർ സംസ്ഥാനത്തുള്ള ജനങ്ങളോടാണ് അനീതി കാണിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.















