തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകമെന്ന് സംശയം. മരിച്ച രണ്ടുപേർ ദമ്പതികളെന്നാണ് നിഗമനം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരി വൈഷ്‌ണയും ഭർത്താവ് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഭർത്താവ് ബിനുവിന്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. തീപിടിച്ച ഓഫീസിൽനിന്ന് കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ വൈഷ്ണയുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും മരിച്ച രണ്ടാമത്തെയാൾ ആരാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
രാവിലെ സ്ഥലത്ത് ഒരു പുരുഷൻ പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷികൽ പൊലീസിന് മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ഫോറൻസിക് യൂണിറ്റും, ഇലക്ട്രിസിറ്റി വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് പാപ്പനംകോടുള്ള ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടുത്തമുണ്ടായത്.