കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി താരം. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും നിവിൻ പോളി പറഞ്ഞു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകാനും തയാറാണെന്നും നടൻ വ്യക്തമാക്കി. ബാക്കിയുള്ള കാര്യങ്ങൾ നിയമപരമായി നേരിടുമെന്നും താരം അറിയിച്ചു.
നിവിൻ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- “ഞാൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന തെറ്റായ വാർത്ത കാണാൻ ഇടയായി. ഇത് പൂർണമായും അസത്യമാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാൻ ഏതറ്റംവരെയും പോകും. ഇതിന് ഉത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരും. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി. ബാക്കിയുള്ള കാര്യങ്ങൾ നിയമപരമായി നേരിടും.”
നിവിൻപോളി സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ചെന്നാണ് നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകാൽ പൊലീസ് നിവിൻ അടക്കം ആറുപേർക്കെതിരായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനിൽ രണ്ടാം പ്രതിയുമാണ്. 2023 നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.















