കോഴിക്കോട്: മുക്കം നഗരസഭയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂട്ടയടി. കൗൺസിൽ യോഗം ചേരുന്നതിനിടെയാണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. നഗരസഭ ചെയർപേഴ്സണെതിരായി യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിനിടെയായിരുന്നു സംഘർഷം.
പെരുമ്പടപ്പിൽ വിദേശ മദ്യശാല തുടങ്ങാൻ അനുമതി നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുക്കം നഗരസഭയിലെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഈ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു എൽഡിഎഫിന്റെ തീരുമാനം. കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം പാസായില്ല.
അവിശ്വാസ പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താൻ പൊലീസ് സംരക്ഷണത്തോടെ മുസ്ലിം ലീഗ് അംഗമായ അബ്ദുൾ മജീദ് എത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. യുഡിഎഫ് പ്രവർത്തകർ കൂടി രംഗത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ പ്രവർത്തകർ തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു.