തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് നടൻ നിവിൻ പോളി. പരാതി നൽകിയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും ഒരാൾ മാത്രമോ അല്ലെങ്കിൽ ഒരു സംഘം തന്നെ ഈ ഇതിന് പിന്നിൽ ഉണ്ടാകാമെന്ന് നിവിൻ പോളി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.
എന്റെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. നിയമപരമായി തന്നെ മുന്നോട്ട് പോകും. സത്യ തെളിയിക്കുന്നതിനായി ഏത് അറ്റം വരെയും ഞാൻ പോകും. ഇതുപോലെ തെറ്റായ ആരോപണങ്ങൾ വരികയാണെങ്കിൽ എന്ത് ചെയ്യാനാകും. എല്ലാവർക്കും ഇവിടെ ജീവിക്കണം. ആർക്കെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ വരാം. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്റെ കയ്യിൽ തെളിവുകളൊന്നുമില്ല. എന്നാലും നിയമപരമായി തന്നെ മുന്നോട്ട് പോകും.
മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത കണ്ടത്. അങ്ങനെയൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ഇത് പോലെയൊരു ആരോപണം ആദ്യമായാണ് നേരിടുന്നത്. സത്യാവസ്ഥ തെളിയിക്കണമെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരിക്കാം. ഒരോളോ ഒരു സംഘമോ ഉണ്ടായിരിക്കും.
ഒന്നര മാസത്തിന് മുമ്പാണ് ഇതുപോലെയൊരു പരാതിയുടെ പേരിൽ പൊലീസ് വിളിക്കുന്നത്. പക്ഷേ അന്ന് വ്യാജ പരാതിയാണെന്ന് പറഞ്ഞ് കേസ് ക്ലോസ് ചെയ്തതാണ്. ഇതിന്റെ പുറകെ പോകണ്ടയെന്ന് പൊലീസ് പറഞ്ഞിരുന്നു. വക്കീലും അത് തന്നെയാണ് പറഞ്ഞത്.
ഇത് ഇനിയും വലിച്ച് നീട്ടികൊണ്ട് പോകാൻ കഴിയില്ല. അതുകൊണ്ടാണ് വാർത്ത വന്നതിന് പിന്നാലെ തന്നെ മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. നാളെ സത്യമല്ലെന്ന് തെളിഞ്ഞാലും ഇതേ ആത്മാർത്ഥയോടെ നിങ്ങൾ വാർത്ത നൽകണം. എനിക്കും കുടുംബവും കുട്ടിയുമൊക്കെ ഉള്ളതാണ്. വാർത്ത ഇടുന്നതിന് കുഴപ്പമില്ല. പക്ഷേ, എന്തെങ്കിലുമൊക്കെ അന്വേഷിച്ചിട്ട് ഇത്തരം വാർത്തകളിലേക്ക് പോയാൽ നല്ലതായിരിക്കും- നിവിൻ പോളി പറഞ്ഞു.















