ഈയിടെയായി ക്ഷീണിതരായാണോ ഉണരുന്നത്? ദിവസം മുഴുവൻ ക്ഷീണം തോന്നറുണ്ടോ, എങ്കിൽ ഇതിനെല്ലാം കാരണം രാത്രിയിലെ ഉറക്കക്കുറവാണ്. നിങ്ങളുടെ ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കാനും അടുത്ത ദിവസം കൂടുതൽ ഊർജത്തോടെ സജീവമായിരിക്കാനും രാത്രിയിലെ ഉറക്കം പ്രധാനമാണ്. സുഖമായി ഉറങ്ങാൻ പലതരം ഭക്ഷണ ക്രമങ്ങൾ ആളുകൾ പിന്തുടരാൻ ശ്രമിക്കാറുണ്ട്.
രാത്രി മുഴവൻ സുഖമായുറങ്ങാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ടിപ്പ് പരിചയപ്പെടാം. വേണ്ടത് ഇത്രമാത്രം- കറുത്ത ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും. ഇവ രണ്ടും ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് നിങ്ങളുടെ പ്രശ്നത്തിനുള്ള പരിഹാരം. ഒരു ഗ്ലാസ്സ് വെള്ളത്തിൽ കുറച്ച് കറുത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കലർത്തുക. ഇത് അഞ്ചോ ആറോ മണിക്കൂർ മാറ്റി വയ്‌ക്കുക. ശേഷം ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഈ പാനീയം കുടിക്കുക. നിങ്ങൾക്ക് സുഖമായുറങ്ങാം.
കറുത്ത ഉണക്കമുന്തിരിയിൽ ദിനചര്യയുടെ ചക്രം നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് തടസമില്ലാത്ത ഉറക്കത്തിന് സഹായിക്കും. അതുപോലെ കുങ്കുമപ്പൂവ് ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ്. ഇത് ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ശരീരത്തിലെ ദോഷകരമായ തന്മാത്രകളെ നിർവീര്യമാക്കാനും സഹായിക്കും. ഇത് അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കുറച്ച് ഉറക്കം വീണ്ടെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും.















