കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് നടൻ നിവിൻ പോളി പ്രതികരിച്ചത് വൈകരികമായി. ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട നിവിൻ താൻ അമ്മയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞു.
കേസിൽ ഉൾപ്പെട്ട മറ്റാരെയും തനിക്ക് അറിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഇന്ന് വാർത്തകൾ നൽകുന്ന മാദ്ധ്യമപ്രവർത്തകർ സത്യാവസ്ഥ തെളിയുമ്പോഴും കൂടെ ഉണ്ടാകണമെന്നും നിവിൻ പോളി പറഞ്ഞു.
“എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായി എനിക്കില്ല. വാർത്ത നൽകുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”.
“കുടുംബം എന്നോടൊപ്പം തന്നെയുണ്ട്. ഇത്തരം കാര്യങ്ങൾ കുടുംബത്തെയാണ് പെട്ടെന്ന് ബാധിക്കുന്നത്. വാർത്ത അറിഞ്ഞപ്പോൾ പെട്ടെന്ന് ഞാൻ അമ്മയെയാണ് ആദ്യം വിളിച്ചത്. ഇതുപോലെയൊരു സംഭവമുണ്ടെന്ന് പറഞ്ഞു. നീ ധൈര്യമായിട്ട് ഇരിക്ക് ഒരു ടെൻഷനും ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അത് മതി. ഏത് ശാസ്ത്രീയ പരിശോധനകൾക്കും ഞാൻ തയ്യാറാണ്”.
“വ്യാജ ആരോപണങ്ങൾക്ക് എവിടെയെങ്കിലും ഒരു അവസാനം ഉണ്ടാകണം. അതിന് വേണ്ടിയാണ് ഞാൻ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. അന്ന് പൊലീസ് ഫോൺ വിളിച്ച് എന്നോട് പരാതിയെ പറ്റി പറഞ്ഞിരുന്നു. ഇപ്പോഴത്തെ ആരോപണം എന്താണെന്ന് വ്യക്തമായി അറിയില്ല. നാളെ ഇതുപോലുള്ള ആരോപണങ്ങൾ വരാൻ സാധ്യതയുള്ള എല്ലാവർക്കും വേണ്ടിയാണ് ഞാൻ നിയമപരമായി പോരാടുന്നത്. രാഷ്‌ട്രീയക്കാർക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും ഇത്തരം ആരോപണങ്ങൾ വരാം”.
ഇത് കരുതികൂട്ടിയുള്ള ശ്രമമാണ്. സിനിമാ മേഖലക്കെതിരെ നിരന്തരം ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഏത് ശരി ഏത് തെറ്റ് എന്നുള്ള കാര്യം വ്യക്തമല്ല. ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും. ആരില്ലെങ്കിലും ഞാൻ ഒറ്റയ്‌ക്ക് പോരാടും. മാദ്ധ്യമ പ്രവർത്തകർ എല്ലാത്തിനെയും കുറിച്ച് അറിഞ്ഞതിന് ശേഷം മാത്രം വാർത്തകൾ നൽകാൻ ശ്രമിക്കണമെന്നും നിവിൻ പോളി അഭ്യർത്ഥിച്ചു.