തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മരിച്ചത് ദമ്പതികളാണെന്ന സൂചന ബലപ്പെട്ടു. ഇൻഷുറൻസ് ഏജൻസി നടത്തിയിരുന്ന വൈഷ്ണയെ ഭർത്താവ് ബിനു ആക്രമിച്ചതിന് ശേഷം പെട്രോളൊഴിച്ച് കത്തിച്ചതെന്നാണ് സൂചന. ഇതിന് ശേഷം ഇയാൾ ജീവനൊടുക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഇരുവരും ഏറെ നാളായി അകൽച്ചായിലായിരുന്നു.
നേരത്തെയും ഇയാൾ ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി സാക്ഷി മൊഴികളുണ്ട്. ബിനുവിനെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഇതാണ് സംശയം വർദ്ധിപ്പിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തേണ്ടിവരും.
വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ ആളിപ്പടർന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താൻ പോലും പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല.
ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിരുന്നില്ല. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് ഫയർഫോഴ്സ് സംഘം വ്യക്തമാക്കിയിരുന്നു. നാലു വർഷമായി രണ്ടു കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തടുത്ത് വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്.